കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് നാലിന് മഹാരാഷ്ട്രയില്‍ നിന്നും ഇയളുടെ ബന്ധു എത്തിയിരുന്നു. ബന്ധുവിനെ കൊറോണ പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു ഇയാള്‍.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ മെയ് 11 ന് ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാന്‍ ഇയാള്‍ മൂന്ന് തവണ പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റെയ്നില്‍ പ്രവേശിക്കണമെന്നും സാമ്പിള്‍ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.