ഡൽഹി:അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന ഐഎംഎയുടെ പരാതിയിൽ യോഗ ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പൊലീസ് ആണ് ഐഎംഎയുടെ പരാതിയിന്മേൽ കേസെടുത്തത്. രാംദേവിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാം രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എയുടെ പരാതി.കൊവിഡ് വാക്സിേനഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതിനിടെ നേരത്തേ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പറഞ്ഞ ബാബാ രാംദേവ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു. ഡോക്ടർമാർ ദൈവത്തിന്റെ ദൂതരാണെന്നും വാക്സിൻ സ്വീകരിച്ച ശേഷം ബാബാ രാംദേവ് പറഞ്ഞിരുന്നു. തന്റെ നിലപാടിൽ നിന്ന് മലക്കം മറിയുകയായിരുന്നു ബാബ രാംദേവ്.
അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.
ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.
അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നല്കിയ റംഡിസീവർ, ഫവിഫ്ലൂ തുടങ്ങിയ മരുന്നുകൾ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.
പരാമർശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹർഷവർധൻ ആവശ്യപ്പെട്ടിരുന്നു അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാംദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.