ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വടകര നടുവണ്ണൂര്‍ സ്വദേശി നാസര്‍ നെച്ചോത്ത് (58) ആണ് മരിച്ചത്. അല്‍ അഹ്‌സയിലെ ഉദൈലിയ റോഡില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം.
ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. നാസറാണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ട് മലയാളികള്‍ക്ക് നിസാര പരിക്കേറ്റു. ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അല്‍ ഖോബാറില്‍ നിന്ന് അല്‍ അഹ്‌സയിലേക്ക് പോകും വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. വര്‍ഷങ്ങളായി സൗദിയിലുള്ള നാസര്‍ ടാക്‌സി കാര്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
ദമാം ഗ്രാന്‍ഡ് മാര്‍ട്ട് ഭാഗത്ത് ടാക്‌സി സേവനങ്ങള്‍ ചെയ്തിരുന്ന ഇദ്ദേഹം മേഖലയിലെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. സജീവ കെഎംസിസി പ്രവര്‍ത്തകന്‍ ആയിരുന്നു. മൃതദേഹം ഹുഫൂഫിലെ കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫെയര്‍ പ്രവര്‍ത്തകരും നടുവണ്ണൂര്‍ കൂട്ടായ്മ പ്രവര്‍ത്തകരും രംഗത്തുണ്ട്.
കഴിഞ്ഞ ശനിയാഴ്ച തബൂക്കിന് മേഖലയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞായിരുന്നു അപകടം.