കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം, അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

 വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. 

മുന്നില്‍ പോയ സ്വകാര്യ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം.  20 മിനിറ്റോളം കാർ വെള്ളത്തിൽ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News