മാവേലിക്കര: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറിനെ കാണണമെന്ന സ്വപ്നം പൂര്‍ത്തിയാക്കി, ആഗ്രഹങ്ങള്‍ ബാക്കിയാക്കി പതിനഞ്ചുകാരിയായ കൃപ മറിയം ലാലു യാത്രയായി. കാന്‍സര്‍ ശ്വാസകോശത്തെ കാര്‍ന്നു തിന്നുമ്പോഴും നഴ്സാകാനാണ് കൃപ കൊതിച്ചിരുന്നത്. കല്ലിമേല്‍ ലാലുഭവനില്‍ ലാലു ചാക്കോയുടെയും മിനിയുടെയും മകള്‍ കൃപ മറിയം ലാലു (15) ആണു മരണത്തിന് കീഴടങ്ങിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
വലതു കൈയിലുണ്ടായ തടിപ്പിനു ചികിത്സ തേടി നടത്തിയ പരിശോധനയിലാണു ശ്വാസകോശത്തില്‍ കാന്‍സറാണെന്നു തിരിച്ചറിഞ്ഞത്. പതിനാല് കീമോ പൂര്‍ത്തിയാക്കിയ കൃപയ്ക്ക് മൂന്ന് എണ്ണം കൂടി ബാക്കിയുള്ളപ്പോഴാണ് നടി മഞ്ജു വാര്യരെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായത്.
പ്രഥമാധ്യാപകന്‍ ജോര്‍ജ് വര്‍ഗീസ്, നല്ലപാഠം പ്രവര്‍ത്തകര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ആ ആഗ്രഹം സാധിച്ചു കൊടുത്തു. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി സ്‌കൂളിലെത്തിയ മഞ്ജു, കൃപയെ കാണാനെത്തി.
നഴ്‌സ് ആകണമെന്ന തന്റെ സ്വപ്നം കൃപ പറഞ്ഞപ്പോള്‍ മഞ്ജു അവള്‍ക്കൊരു ‘ഓള്‍ ദി ബെസ്റ്റ്’ പറഞ്ഞു. ഈ വാചകം തനിക്കു പ്രചോദനമാണെന്ന് പറഞ്ഞാണ് കൃപ അന്ന് മടങ്ങിയത്. എന്നാല്‍ ആ സ്വപ്നം പൂര്‍ത്തിയാക്കാതെ കഴിഞ്ഞ ദിവസം മരണം അവളെ കൂട്ടിക്കൊണ്ടു പോയി. ഗായിക ആയിരുന്ന കൃപ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായിരുന്നു.