ഓച്ചിറയില്‍ കാന്‍സര്‍ രോഗിയായ വീട്ടമ്മയെ വീടുകയറി ആക്രമിച്ചു; മകളുടെ കൈ തല്ലിയൊടിച്ചു

ഓച്ചിറ: കാന്‍സര്‍ രോഗിയായ വീട്ടമ്മയെയും മകളെയും വീട് കയറി ആക്രമിച്ചതായി പരാതി. മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. തഴവ, കുതിരപ്പന്തി വെങ്ങാട്ടംപ്പള്ളില്‍ കിഴക്കതില്‍ പരേതനായ വാസുദേവന്റെ ഭാര്യ രാജമ്മ (55), മകള്‍ ചിന്നു (25), മകളുടെ ഭര്‍ത്താവ് സനീഷ് (25) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കാന്‍സര്‍ ബാധിതയായ രാജമ്മ രണ്ടാഴ്ചയ്ക്കു മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അക്രമം തടയാനെത്തിയ ചിന്നുവിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. സനീഷിനും മര്‍ദനമേറ്റു. വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു.

സനീഷ് ഇടനിലക്കാരനായി നിന്ന് ബന്ധുവിനുവേണ്ടി ബൈക്കിന്റെ ആര്‍.സി.ബുക്ക് പണയപ്പെടുത്തി 25,000 രൂപ അക്രമികളില്‍ ഒരാളില്‍നിന്ന് കടമായി വാങ്ങിയിരുന്നു. പണം തിരികെനല്‍കാത്തതിനെ തുടര്‍ന്ന് അക്രമികള്‍ സനീഷിന്റെ ബൈക്ക് എടുത്തുകൊണ്ടുപോയതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുതിരപന്തി കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ്, സഹോദരന്‍ രതീഷ്, പോച്ചയില്‍ വീട്ടില്‍ വരുണ്‍ എന്നിവര്‍ക്കെതിരേ ഓച്ചിറ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News