ഇസ്ലാമാബാദ്: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ പാക് ദേശീയ ടീമംഗങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്കുള്ള യാത്ര വൈകുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐസിസി സിഇഒ ജിയോഫ് അലാര്‍ഡൈസിനാണ് പിസിബി കത്തയച്ചത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിസ ക്ലിയറന്‍സ് ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് ആരോപണവുമായി പിസിബി എത്തിയത്. സെപ്റ്റംബര്‍ 27നാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തേണ്ടിയിരുന്നത്.
ലോകകപ്പിനായി ഹൈദരാബാദില്‍ എത്തുന്നതിന് മുന്‍പേ പാകിസ്താന് ദുബായിയില്‍ രണ്ട് ദിവസത്തെ ടീം ബോണ്ടിങ് സെഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിസ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് അത് റദ്ദാക്കി.
2016ന് ശേഷം ആദ്യമായാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ 29ന് പാകിസ്താന്‍ ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര്‍ അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.