പത്തനംതിട്ട: കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ട് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികള്‍ നീട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. എട്ട് ഗ്രാം കഞ്ചാവുമായി കൊടുമണ്‍ സ്വദേശികളായ കണ്ണന്‍, വിമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തിരഞ്ഞെടുപ്പിനിടെ മുന്‍ എംഎല്‍എ കെ സി രാജഗോപാലിന് മര്‍ദ്ദനം. മര്‍ദ്ദനമേറ്റ കെ സി രാജഗോപാലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളനോട്ട് ചെയ്യുന്നതായി എല്‍ഡിഎഫും ആരോപിച്ചു. കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ആണ് പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് ഭരിക്കുന്നത്. 15 വര്‍ഷമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.