KeralaNews

ഹൈക്കോടതിയില്‍ സുരക്ഷ കര്‍ശനമാക്കി; അഭിഭാഷകർ ​ഗൗൺ ധരിക്കാതെ വന്നാൽ പ്രവേശനം പരിശോധനയ്ക്ക് ശേഷം

കൊച്ചി: കേരള ഹൈക്കോടതിയിലെ സുരക്ഷ കൂടുതൽ ശക്തമാക്കി ഉത്തരവ്. അടുത്തിടെയുണ്ടായ ചില സുരക്ഷാ വീഴ്‌ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ കർശന നടപടികൾ ഏർപ്പെടുത്തി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗൗൺ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശയകരമായ സാഹചര്യത്തിൽ മാത്രം പരിശോധിച്ചാൽ മതിയെന്നും ഗൗൺ ധരിക്കാതെയെത്തുന്ന അഭിഭാഷകരും ക്ലാർക്കുമാരും ഹൈക്കോടതി ജീവനക്കാരും പ്രവേശന കവാടത്തിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കാർഡ് മറന്നുപോയ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി ഒന്നാം വാതിലിലൂടെ ഹൈക്കോടതിയിൽ പ്രവേശിക്കാം. സർക്കാർ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും സേനാംഗങ്ങൾ യൂണിഫോമും ധരിച്ചിരിക്കണം. കക്ഷികളോടൊപ്പം വരുന്നവർക്ക് പ്രവേശനമുണ്ടാകില്ല.

കേസുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും മറ്റുള്ളവർക്ക് പാസ് അനുവദിക്കുക. ബാഗുകളുമായെത്തുന്നവർ ഇവ സ്കാനിംഗിനു വിധേയമാക്കണം. ആയുധങ്ങളുമായി എത്തുന്നവർക്ക് പ്രവേശനം നൽകില്ല. പിടിച്ചെടുക്കുന്ന ആയുധം തിരിച്ചു നൽകുകയോ പൊലീസിൽ അറിയിക്കുകയോ വേണം തുടങ്ങിയ സുരക്ഷ നിർദേശങ്ങളും ഉത്തരവിലുണ്ട്.

ഹേബിയസ് കോർപസ് ഹർജിയിൽ കോടതിയിൽ ഹാജരായ പെൺകുട്ടി വീട്ടുകാരുടെ കൂടെ പോകാൻ തീരുമാനിച്ചതിനെ തുടർന്ന് കാമുകൻ കോടതി വരാന്തയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.

ഹൈക്കോടതിയിൽ കേസ് നടത്താനെത്തിയ വ്യക്തി കത്തിയുമായി പ്രവേശിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ മിനുട്‌സ് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് സുരക്ഷാ നടപടികൾ കർശനമാക്കാൻ ഉത്തരവു നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker