കാലിക്കറ്റ് സർവ്വകലാശാല ക്യാംപസ് അടച്ചു; വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിടാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു. ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളില്‍നിന്നു മാറണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും ഉടന്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഡിഎസ്‌യു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനിടെയുണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജിലുമായി ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. രാത്രി ഏറെ വൈകിയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

റിട്ടേണിങ് ഓഫീസര്‍ ഒപ്പിടാത്ത ഇരുപത്തഞ്ചോളം ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം തുടങ്ങിയത്. കുറേനേരം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. യുഡിഎസ്എഫിന്റെ കൗണ്ടിങ് ഏജന്റുമാര്‍ പെട്ടിയില്‍നിന്ന് ബാലറ്റ് പേപ്പറുകള്‍ വാരിയെറിഞ്ഞതായി ആരോപണമുയര്‍ന്നു. ഇതു തടയാന്‍ ശ്രമിച്ച എസ്എഫ്ഐയുടെ കൗണ്ടിങ് ഏജന്റിന് പരിക്കേറ്റു.

ഇതോടെ ഇരുവിഭാഗവും വോട്ടണ്ണെല്‍ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. വോട്ടെണ്ണല്‍ വീണ്ടും നിര്‍ത്തി. ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

പോലീസ് ലാത്തിവീശിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ചിതറിയോടി. സംഘര്‍ഷത്തില്‍ സെമിനാര്‍ കോംപ്ലക്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇതിനിടെ പുറത്തുനിന്ന് എംഎസ്എഫ്-ലീഗ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനുനേരേ കല്ലെറിഞ്ഞു. ജനല്‍ച്ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. എട്ടരയോടെ പരിക്കേറ്റവരെ പോലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൗണ്ടിങ് ഏജന്റുമാര്‍ ഇല്ലാതെ വോട്ടെണ്ണല്‍ തുടരേണ്ടതില്ല എന്ന് വിസി രേഖാമൂലം അറിയിച്ചതോടെ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് ഒന്‍പതരയോടെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ബാലറ്റ് പെട്ടി സീല്‍ചെയ്ത് സ്ട്രോങ്റൂമിലേക്കു മാറ്റി.

മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും വിജയിക്കുമെന്നായപ്പോള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.

എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ബാഗുകളില്‍ വ്യാജ ബാലറ്റ് പേപ്പറുകള്‍ കൊണ്ടുവന്നതു തടയാനാണ് ശ്രമിച്ചതെന്നും ഇതോടെ തങ്ങളുടെ പ്രവര്‍ത്തകരെ പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും യുഡിഎസ്എഫും ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News