വിന്‍ഡ്‌ഹോക്ക്: ടി20 ക്രിക്കറ്റില്‍ ചരിത്രജയവുമായി നമീബിയ. ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് നമീബിയ കീഴടക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടപ്പെടുത്തി നമീബിയ മറികടന്നു. അവസാനപന്തിലാണ് പ്രോട്ടീസ് തോല്‍വി വഴങ്ങിയത്.
ടി20 ക്രിക്കറ്റില്‍ ഒരു അസോസിയേറ്റ് രാജ്യത്തോട് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുന്നത്. അതേസമയം ടി20 യില്‍ നമീബിയ പരാജയപ്പെടുത്തുന്ന നാലാമത്തെ ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അയര്‍ലന്‍ഡ്, സിംബാബ്വെ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് ഇതിന് മുന്‍പ് നമീബിയ കീഴടക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. ടീം സ്‌കോര്‍ 22 ല്‍ നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഓപ്പണര്‍ ജാന്‍ ഫ്രൈലിന്‍ക് ഏഴുറണ്‍സെടുത്ത് പുറത്തായി. മുന്‍നിര ബാറ്റര്‍മാരെ അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഏഴോവറില്‍ 51-3 എന്ന നിലയിലായിരുന്നു നമീബിയ. ജെറാര്‍ഡ് ഇറാസ്മസ്(21), ജെ.ജെ. സ്മിത്ത്(13), മലന്‍ ക്രുഗര്‍(18) എന്നിവരുടെ ഇന്നിങ്‌സ് ടീമിനെ നൂറുകടത്തി.
പിന്നാലെ വിക്കറ്റ് കീപ്പര്‍ സെയിന്‍ ഗ്രീന്‍ ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. അവസാനഓവറില്‍ 11 റണ്‍സാണ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആന്‍ഡിലെ സിമിലേന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സടിച്ച് ഗ്രീന്‍ നമീബിയയെ ജയത്തിനടുത്തെത്തിച്ചു. പിന്നീട് എറിഞ്ഞ നാലുപന്തുകളില്‍ നിന്ന് നാലുറണ്‍സ് കണ്ടെത്തിയതോടെ അവസാനപന്തില്‍ ജയിക്കാന്‍ ഒരു റണ്‍ വേണമെന്ന സ്ഥിതിയായി. അവസാനപന്ത് ഫോറടിച്ച് ഗ്രീന്‍ ടീമിന് ചരിത്രജയം സമ്മാനിച്ചു. ഗ്രീന്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണെടുത്തത്. താരതമ്യേന ദുര്‍ബലരായ നമീബിയക്കെതിരേ സ്‌കോര്‍ കണ്ടെത്താന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്കും(1) റീസ ഹെന്‍ഡ്രിക്ക്‌സും(7) നിരാശപ്പെടുത്തി.
ലുവാന്‍ ഡ്രി പ്രിട്ടോറിയസ്(22), റുബിന്‍ ഹെര്‍മാന്‍(23) ജേസണ്‍ സ്മിത്ത്(31) എന്നിവരുടെ ഇന്നിങ്‌സുകളാണ് പ്രോട്ടീസിനെ കരകയറ്റിയത്. വാലറ്റവും രക്ഷക്കെത്തിയതോടെ 20 ഓവറില്‍ ടീം 134 റണ്‍സിലെത്തി. നമീബിയക്കായി റൂബന്‍ ട്രംപല്‍മാന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.


