ശബരിമല സ്വർണക്കവർച്ചയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി; രണ്ട് എഫ്ഐആർ, പ്രതിപ്പട്ടികയിൽ ദേവസ്വം ജീവനക്കാരും

കൊച്ചി: ശബരിമല സ്വർണക്കവർച്ചയിൽ രണ്ട് എഫ്ഐആർ. ദ്വാരപാലക ശിൽപത്തിലെയും വാതിൽപടിയിലെയും സ്വർണം കടത്തിയതിൽ വെവ്വേറെ എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ്. ഇരുകേസുകളിലും ദേവസ്വം ജീവനക്കാരും പ്രതികളാകും.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ വരാൻ കാരണം, ഈ സംഭവങ്ങൾ നടന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എന്നതാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൊതിഞ്ഞ പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണ്ണം ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയത് 2019 മാർച്ചിലാണ്.

വാതിൽപാളിയിലെ സ്വർണം കവർന്ന സംഭവം നടന്നത് 2019 ഓഗസ്റ്റിലാണ്. സമയവ്യത്യാസം ഉള്ളതുകൊണ്ടും, രണ്ട് സംഭവങ്ങളിലും ഇടപെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് വ്യത്യാസമുള്ളതുകൊണ്ടും, മഹസറിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് വ്യത്യാസമുള്ളതുകൊണ്ടും, രണ്ട് കേസുകളായിട്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുന്നത്.

ഈ കേസുകളിൽ പ്രധാനമായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗൂഢാലോചനയും വിശ്വാസവഞ്ചനയും അടക്കമുള്ള കാര്യങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം പൊതിഞ്ഞ പാളികൾ അഴിച്ചെടുത്ത് സ്വർണ്ണം പൂശാനായി കൊടുത്തുവിട്ടത്. ഇവിടെയാണ് വിശ്വാസവഞ്ചന വന്നിരിക്കുന്നത്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവിൽ ഈ കേസിൽ ഒരു മോഷണ സ്വഭാവം കൂടി ഉണ്ടെന്ന് പരാമർശിച്ചിട്ടുണ്ട്.

സ്വർണ്ണം ഉരുക്കിയെടുത്ത് അവിടെനിന്ന് കടത്തിക്കൊണ്ടുപോയത് മറ്റൊരു തരത്തിലുള്ള കുറ്റകൃത്യമായി മാറും. എങ്കിലും, മോഷണവും വിശ്വാസവഞ്ചനയും ഒരുമിച്ച് നിലനിൽക്കുന്നവയല്ല. അതുകൊണ്ട്, ഇതിനെല്ലാം വ്യത്യസ്തമായ കേസുകൾ ആയിരിക്കും വരുന്നതെന്നാണ് സൂചന.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആണെങ്കിലും, ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായി വരും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണ്ണപ്പാളികൾ എടുത്തു കൊടുത്തുവിടാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരെല്ലാം ഇതിൽ പ്രതികളായി വരും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ എന്തൊക്കെയായിരുന്നു, അവർ വരുത്തിയ വീഴ്ചകൾ എന്തൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങൾ അനുസരിച്ചായിരിക്കും ഓരോരുത്തരും പ്രതിസ്ഥാനത്തേക്ക് വരുന്നത്.

കേസ് ഈ രീതിയിൽ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ, പ്രതികളാകുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെല്ലാം അഭിഭാഷകരെ കണ്ട് മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും അഭിഭാഷകരെ കണ്ട് മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പോറ്റി കൊച്ചിയിൽ അഭിഭാഷകനെ കണ്ട് ദീർഘനേരം സംസാരിക്കുകയും നിയമോപദേശം തേടുകയും ചെയ്തതായാണ് വിവരം.

കേസെടുക്കാൻ കാലതാമസമുണ്ടായതിനാൽ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഹൈക്കോടതി, പിടിച്ചെടുത്തിട്ടുള്ള രേഖകൾ സേഫ് കസ്റ്റഡിയിലേക്ക് മാറ്റാനായി നിർദ്ദേശിച്ചിരിക്കുന്നത്. കോടതിയിൽ ഈ രേഖകളുടെയെല്ലാം പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ കൈവശം ഉണ്ടായിരിക്കും. ഭാവിയിൽ ഈ രേഖകൾ നഷ്ടപ്പെടുത്തി ആർക്കും രക്ഷപ്പെടാൻ കഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News