25.4 C
Kottayam
Friday, May 17, 2024

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി, പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട് ഉത്തരവ്

Must read

കൊല്‍ക്കത്ത:മതിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ഒരു പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പോക്‌സോ പ്രകാരം കേസെടുത്ത ഒരാളെ വെറുതെ വിട്ടു.

ലൈംഗിക പ്രവര്‍ത്തനത്തില്‍ സ്വമേധയാ പങ്കെടുത്ത 16 വയസ്സുള്ള പെണ്‍കുട്ടി അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അറിയാത്ത നിഷ്കളങ്കയല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.

ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേകത കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്ബാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി.

പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ടല്ല ഒരു നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ലക്ഷ്യം എന്താണോ അതിന് അനുസരിച്ചായിരിക്കണം, വ്യാഖ്യാനം. ലൈംഗിക അതിക്രമത്തില്‍ നിന്നും പോണോഗ്രാഫിയില്‍നിന്നും കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമം.

നിയമപ്രകാരം പതിനേഴു വര്‍ഷവും 364 ദിവസവും പ്രായമുള്ള പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്ത ആളാണ്. തന്നേക്കാള്‍ ഒരു ദിവസം മാത്രം പ്രായമുള്ള യുവാവിനേക്കാള്‍ അവള്‍ക്കു പക്വത കൂടുതല്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

പ്രായപൂര്‍ത്തിയാവാത്തയാളുടെ സമ്മതം ശരിയായ സമ്മതമല്ലെന്നതു ശരിതന്നെ. എന്നാല്‍ ഇതു നിര്‍ണയിക്കുമ്ബോള്‍ മാനസിക അവസ്ഥ, പക്വത, മുന്‍കാലത്തെ പെരുമാറ്റം എന്നിവ കണക്കിലെടുക്കണം- കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week