തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം ഇന്ന് പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്ഠിക്കും. സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയപാര്ടികളിലും സംഘടനകളിലും പെട്ടവരും നവോത്ഥാനസമിതിയുടെ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. സമരത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.