കണ്ണൂര്‍: അഖിലേന്ത്യാ പണിമുടക്ക് ദിനത്തില്‍ ട്രെയിന്‍ തടഞ്ഞ എംഎല്‍എയ്ക്കും സിഐടിയു നേതാക്കള്‍ക്കും ജയില്‍ ശിക്ഷയും പിഴയും. പയ്യന്നൂര്‍ എം.എല്‍.എ. സി. കൃഷ്ണനും 49 സിഐടിയു നേതാക്കള്‍ക്കുമാണ് ഒരു ദിവസം ജയില്‍ ശിക്ഷയും 2500 രൂപ പിഴയും അടയ്ക്കണമെന്ന് വിധിച്ചത്. തലശ്ശേരി സി.ജെ.എം. കോടതി ജഡ്ജി കെ.പി. തങ്കച്ചന്റേതാണ് വിധി. വണ്ടിതടയല്‍, റെയില്‍വേ ജോലി തടസ്സപ്പെടുത്തല്‍, ജനയാത്ര തടസ്സപ്പെടുത്തല്‍, അതിക്രമിച്ചുകയറല്‍ എന്നീ വകുപ്പുകളാണ് ആര്‍.പി.എഫ്. ചേര്‍ത്തത്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 വണ്ടികളാണ് രണ്ടുദിവസത്തെ പണിമുടക്കിനിടെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സ്റ്റേഷനില്‍ രണ്ടുദിവസത്തെ തടയലിന് നേതൃത്വം നല്‍കിയതിനാണ് സി. കൃഷ്ണന്‍ എം.എല്‍.എയടക്കം 14 പേര്‍ക്ക് ശിക്ഷ വിധിച്ചത്.
കണ്ണപുരത്ത് വണ്ടി തടഞ്ഞ സി.ഐ.ടി.യു. നേതാവ് ഐ.വി. ശിവരാമനടക്കം ആറുപേരെയും ശിക്ഷിച്ചു. കാസര്‍കോട് സി.ഐ.ടി.യു. നേതാവ് ടി.കെ. രാജന്‍, എ.ഐ.ടി.യു.സി. നേതാവ് ടി. കൃഷ്ണന്‍ ഉള്‍പ്പെടെ 16 പേരെയും , കാഞ്ഞങ്ങാട് സി.ഐ.ടി.യു. നേതാവ് കാറ്റാടി കുമാരന്‍ അടക്കം 13 പേരെയും ശിക്ഷിച്ചു.പയ്യന്നൂര്‍, കണ്ണപുരം, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിലെ വിധിയാണ് ഇപ്പോള്‍ വന്നത്. കണ്ണൂര്‍, തലശ്ശേരി, ചെറുവത്തൂര്‍ സ്റ്റേഷനുകളിലെ വിധി വരാനുണ്ട്.