കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നു കസ്റ്റഡിയിലെടുത്ത് ഹീറോയായ സിഐ അനന്തലാല്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ ആണ് അനന്തലാല്‍.
അദ്ദേഹത്തിനൊപ്പം മേപ്പാടി എസ്ഐ എ.ബി. വിപിന്റെ പേരും പണം കൈപ്പറ്റിയതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു. അന്വേഷണം രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. വിപിന്‍ 1.80 ലക്ഷവും അനന്തലാല്‍ ഒരു ലക്ഷവുമാണ് കൈപ്പറ്റിയത്. മോണ്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്. പോക്‌സോ കേസില്‍ അറസ്റ്റിലായ ആളാണ് ജോഷി.
പണം പറ്റിയെന്ന് ഇരുവരും ആഭ്യന്തര അന്വേഷണത്തില്‍ സമ്മതിച്ചു. കടം വാങ്ങി എന്നാണ് പറഞ്ഞത്.കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. സുനിയെയും വിജീഷിനെയും അഡീഷണല്‍ സിജെഎം കോടതിയില്‍നിന്ന് പിടികൂടിയത് അനന്തലാലും സംഘവുമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അനന്തലാലിന് ഹീറോ പരിവേഷം ലഭിച്ചിരുന്നു.