ബസുടമയുടെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

അഞ്ചല്‍: നിര്‍മ്മാണം പുരോഗമിക്കുന്ന അഞ്ചല്‍ ബൈപ്പാസ് പാതയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ സ്വദേശിയായ ബസുടമ ഉല്ലാസ് (42) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രഭാത സവാരിക്കെത്തിയ നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.

കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തും. ഉന്നത പോലീസ് അധികാരികളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹത്തിന് അരുകില്‍ നിന്ന് ഒരു മൊബൈല്‍ഫോണ്‍, വാച്ച് എന്നിവ കണ്ടെടുത്തിട്ടുണ്ട്. അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണില്‍ ബസോട്ടം നിലച്ചതു പ്രതിസന്ധിയായിരുന്നോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News