തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവോടെ ബസ് മിനിമം നിരക്കില്‍ 2 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വര്‍ധനയെങ്കിലും ഫലത്തില്‍ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും. ഇതിനു മുന്‍പ് ബസ് നിരക്ക് പുതുക്കിയപ്പോള്‍ മിനിമം ചാര്‍ജില്‍ 5 കിലോമീറ്റര്‍ (രണ്ടു ഫെയര്‍സ്റ്റേജ്) യാത്ര ചെയ്യാമായിരുന്നു.
പിന്നീട് കോവിഡ് കാലത്ത് മിനിമം നിരക്കില്‍ ഒരു ഫെയര്‍സ്റ്റേജ് മാത്രം (2.5 കിലോമീറ്റര്‍) എന്നു മാറ്റി. പുതിയ നിരക്കുവര്‍ധനയിലും ഇതുതന്നെ തുടരുന്നതോടെ, മിനിമം നിരക്കില്‍ 5 കിലോമീറ്റര്‍ എന്ന ആനുകൂല്യമാണു നഷ്ടപ്പെടുന്നത്. മുന്‍പത്തെ നിരക്കുപരിഷ്‌കാരത്തില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് 12.50 രൂപയാകും. തുടര്‍ന്നുള്ള കിലോമീറ്ററുകളിലും ഇതു പ്രതിഫലിക്കും. നിലവില്‍ 20 കിലോമീറ്റര്‍ യാത്രയ്ക്ക് 19 രൂപയാണ്; ഇത് 28 രൂപയാകും.
കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് ഇപ്പോള്‍ മിനിമം നിരക്ക് 5 കിലോമീറ്ററിന് 14 രൂപയാണ്. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 95 പൈസ. സൂപ്പര്‍ ഫാസ്റ്റിന് മിനിമം ചാര്‍ജ് 10 കിലോമീറ്ററിന് 20 രൂപയാണ്. അതു കഴിഞ്ഞുള്ള കിലോമീറ്ററിന് 98 പൈസ. ഓര്‍ഡിനറി നിരക്കിലെ വര്‍ധനയ്ക്ക് ആനുപാതികമായി ഈ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിനു മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു കോവിഡ് സമയത്തു നല്‍കിയിരുന്ന യാത്രാനിരക്കിലെ 30% ഇളവ് കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. അതിനു മുകളിലാണ് പുതിയ വര്‍ധന വരുന്നത്.