തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും . നിരക്ക് എത്ര കൂട്ടണമെന്നതിൽ തുടർ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാൻ സർക്കാരിന് ആലോചനയുണ്ട്. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങൾക്ക് ആനുപാതികമായും ഉള്ള നിരക്ക് പരിഗണനയിലാണ്.
രാത്രിയാത്രകൾക്കുള്ള നിരക്ക് വർധനവും സർക്കാർ ആലോചിക്കുകയാണ്. മുഖ്യമന്ത്രിയുമായും ബസുടമകളുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.
ബസ് ചാർജ്ജ് വർധനവ് അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യമുണ്ട്. പക്ഷെ അന്തിമ തീരുമാനത്തിലെത്താൻ ഇനിയുമായിട്ടില്ല. ഇന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ ഉയർന്നത് തീർത്തും പുതിയ നിർദേശങ്ങളാണ്. വിദ്യാർത്ഥികൾക്ക് കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൺസഷൻ നിരക്ക് നിശ്ചയിക്കുക. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യയാത്രയും, മറ്റുള്ളവർക്ക് വരുമാനത്തിനനുസരിച്ച് ആനുപാതികമായ നിരക്കുമാണ് ആലോചനയിൽ.
രാത്രികാല യാത്രകൾക്ക് ആൾ കുറവായതിനാൽ സർവ്വീസുകൾ നിർത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സർവ്വീസുകൾക്ക് നിരക്ക് കൂട്ടുന്നത് ആലോചിക്കുന്നത്. ബസുടമകളുടെ നഷ്ടം നികത്തൽ കൂടിയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം തുടർ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കു.
വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർധനവുണ്ടായാലുടനെ പ്രക്ഷോഭമുണ്ടാകുമെന്ന് ബോധ്യമുള്ള സർക്കാർ പുതിയ നിർദേശം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, വ്യക്തത വരുത്താനായില്ലെങ്കിൽ രാത്രികാലയാത്രാ നിരക്ക് വർധനവ് നിർദേശം തിരിച്ചടിക്കും. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 5 രൂപ, മിനിമം ചാർജ്ജ് 10 രൂപ എന്നീ നിലകളിൽ തന്നെയാണ് ഇപ്പോഴും നിർദേശം നിലനിൽക്കുന്നത്.