വയോധികയെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി,തലയ്ക്കടിച്ച് സ്വര്‍ണമാല കവര്‍ന്ന് യുവാവും യുവതിയും

തൃശൂര്‍: വയോധികയെ പട്ടാപകല്‍ നിര്‍ബന്ധപൂര്‍വം ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്നു. തൃശൂര്‍ വടക്കാഞ്ചേരിയിലാണ്‌ സംഭവം. കഴുത്തില്‍ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ചാണ് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാല കവര്‍ന്നത്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു യുവാവും യുവതിയും ചേര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ച് സുശീലയെ നിര്‍ബന്ധപൂര്‍വ്വം ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു. മാല പൊട്ടിച്ചെടുത്ത ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലിസ് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News