‘ബുറെവി’ കന്യാകുമാരിക്ക് 700 കിലോമീറ്റര്‍ അകലെ! അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 300 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിലോമീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടു കൂടി ഗള്‍ഫ് ഓഫ് മാന്നാര്‍ എത്തുകയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിക്കുന്നു.

മത്സ്യ ബന്ധനത്തിന് കര്‍ശന നിരോധനമുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News