തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം ജില്ലയില്‍ 163 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ബുറേവി ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം ചേരുന്നു. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പൻ പാലത്തിൽ നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണിത്. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളില്‍ ഇത് 90 കിലോമീറ്റര്‍വരെയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.