നെല്ലിയാമ്പതി: നെറ്റ്‌വര്‍ക്ക് തകരാറിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയോട് ഫോണെടുത്തയാളുടെ ചോദ്യം കേട്ട് വിദ്യാര്‍ത്ഥി ഞെട്ടി. വാറ്റ് കിട്ടുമോ എന്നായിരുന്നു ചോദ്യം. നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറ എക്‌സ്‌ചേഞ്ചിലേക്ക് വിളിച്ച ജംഷീര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെ വീട്ടിലെ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടുവെന്നും ജംഷീറിന് പരാതിയുണ്ട്.
ഓപ്പണ്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും നെല്ലിയാമ്പതി പുലയന്‍പാറ സ്വദേശിയുമായ ജംഷീര്‍ നെന്മാറ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിലേക്ക് ഫോണ്‍ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. മൂന്ന് ദിവസമായി നെറ്റ്‌വര്‍ക്കിലുണ്ടായ തകരാര്‍ ബോധ്യപ്പെടുത്താനായിരുന്നു വിളിച്ചത്.
ഫോണെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍. നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിക്കണമെന്ന ആവശ്യത്തിന് മറു ചോദ്യം നെല്ലിയാമ്പതിയില്‍ വാറ്റുകിട്ടുമോയെന്നായിരുന്നു. മന്ത്രിമാരൊക്കെ മരിച്ചാല്‍ മാത്രമേ ബിഎസ്എന്‍എല്‍ നന്നാവൂ എന്നും മറുപടി ലഭിച്ചു.
വിഷയം എക്‌സ്‌ചേഞ്ച് ഓഫീസറെയടക്കം ബോധ്യപ്പെടുത്തിയപ്പോള്‍ മുതല്‍ തന്റെ വീട്ടില്‍ മാത്രം നെറ്റ് വര്‍ക്കില്ലെന്ന് ജംഷീര്‍ പറയുന്നു. ജംഷീറിന്റെ മാതാവ് നസീമ അംഗണ്‍വാടി അധ്യാപികയാണ്. ഓണ്‍ലൈന്‍ വഴിയാണ് അംഗണ്‍വാടിയുമായി ബന്ധപ്പെട്ട പലയോഗങ്ങളും നടക്കുന്നത്.
ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ജംഷീര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെട്ടത്. നെല്ലിയാമ്പതിയില്‍ ബിഎസ്എന്‍എല്‍ സേവനം കൃത്യമായി ലഭിക്കാത്തിനെതിരെ വ്യാപകമായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.