മെയിന്‍പുരി: വീട്ടുകാരെ ധിക്കരിച്ച് വിവാഹം ചെയ്ത സഹോദരിയെ ആങ്ങളമാര്‍ വിളിച്ചു വരുത്തി വെടിവച്ചു കൊന്ന ശേഷം മൃതദേഹം വയലില്‍ താഴ്ത്തി. യുപിയിലെ മെയിന്‍പുരിയിലാണ് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല അരങ്ങേറിയത്. കുറ്റം സഹോദരങ്ങള്‍ പോലീസിനോടു സമ്മതിച്ചു. ഇരുപത്തിനാലുകാരിയായ ചാന്ദ്നി കശ്യപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോഹരന്മാരായ സുനില്‍, സുധീര്‍, മാതാവ് സുഖ്റാണി എന്നിവര്‍ പിടിയിലായി.
പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള അര്‍ജുന്‍ ജാദവുമായി ചാന്ദ്നി എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. എതിര്‍പ്പു മറികടന്ന് കഴിഞ്ഞ ജൂണ്‍ 12ന് ഇരുവരും വിവാഹിതരായി. അര്‍ജുന് ഡല്‍ഹിയിലായിരുന്നു ജോലി. വിവാഹ ശേഷം ഇരുവരും ഡല്‍ഹിയിലേക്കു പോയി.
ഇക്കഴഞ്ഞ നവംബറില്‍ സഹോദരന്മാര്‍ ചാന്ദ്നിയെ ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. നവംബര്‍ 17ന് ആണ് ചാന്ദ്നി ഗ്രാമത്തിലേക്കു പോയത്. ഫോണില്‍ കിട്ടാതായപ്പോള്‍ 23ന് അര്‍ജുന്‍ അന്വേഷിച്ച് എത്തി. ചാന്ദ്നി ഡല്‍ഹിയിലേക്കു തന്നെ മടങ്ങിയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ അര്‍ജുന്‍ പോലീസില്‍ പരാതി നല്‍കി. സഹോദരങ്ങള്‍ ചാന്ദ്നിയെ തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്നു മയൂര്‍വിഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
ചോദ്യം ചെയ്യലില്‍ സുനിലും സുധീറും കൊലപാതകം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ചാന്ദ്നിയെ വിളിച്ചുവരുത്തിയത്. വെടിവച്ചുകൊന്ന് മൃതദേഹം വയലില്‍ താഴ്ത്തുകയായിരുന്നു. ചാന്ദ്നിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.