മൊബൈല്‍ ഫോണില്‍ ഏറെ സമയം സംസാരിച്ചത് ഇഷ്ടമായില്ല; 16കാരിയെ സഹോദരന്‍ കൊലപ്പെടുത്തി

പഴനി: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് യുവാവ് സഹോദരിയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ പഴനിയിലാണ് ദാരുണ സംഭവം. മുരുകേശന്റെ മകള്‍ ഗായത്രിയാണ് (16) മരിച്ചത്. സഹോദരന്‍ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുരുകേശന്റെ ഇളയ മകളായ ഗായത്രിയെ കഴിഞ്ഞ ദിവസം രാത്രി പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗായത്രിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം ഗ്രാമത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ബാലമുരുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായത്രി ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് ബാലമുരുകന് ഇഷ്പെട്ടില്ലെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ തനിച്ചായ സമയത്ത് ഗായത്രി ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ക്ഷുഭിതനായ ബാലമുരുകന്‍ ഗായത്രിയെ ശക്തമായി അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു.

കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടോ, സംഭവം നടക്കുമ്പോള്‍ കുടുംബം എവിടെയായിരുന്നു, ആരുമായിട്ടാണ് ഗായത്രി ഫോണില്‍ സംസാരിച്ചിരുന്നത് എന്നീ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News