33.9 C
Kottayam
Sunday, April 28, 2024

പെൺകുട്ടിക്കടുത്ത് ബ്രിജ്ഭൂഷൺ നിൽക്കുന്നത് കണ്ടു, മോശമായി എന്തോ സംഭവിച്ചു:അന്താരാഷ്ട്ര റഫറി

Must read

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് പരാതിയിലെ ആരോപണങ്ങളെ ശരിവെച്ച് അന്താരാഷ്ട്ര റഫറി രംഗത്ത്. പ്രായപൂര്‍ത്തിയാവാത്ത താരത്തോട് ബ്രിജ് ഭൂഷണ്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബിര്‍ സിങ് പറഞ്ഞു. കേസില്‍ 125 സാക്ഷികളില്‍ ഒരാളാണ് ജഗ്ബിര്‍ സിങ്.

കേസില്‍ ജൂണ്‍ 15-ന് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലുമായി പോക്‌സോ കേസിലെ പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ തോല്‍പ്പിച്ചതിനുള്ള പ്രതികാരമായാണ് ആരോപണമുന്നയിച്ചതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പിതാവ് പറഞ്ഞിരുന്നു.

ഇത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദം നിലനില്‍ക്കവെയാണ് ജഗ്ബിര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയാണ്, ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

‘പെണ്‍കുട്ടിക്കടുത്ത് ബ്രിജ് ഭൂഷണ്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. പെണ്‍കുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റി, സ്വയം മോചിതയായി, അവിടെനിന്ന് മാറി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്. അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞാന്‍ കണ്ടിരുന്നു. അസ്വസ്ഥയായിരുന്നു. പെണ്‍കുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു.

അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല, എന്നാല്‍ പെണ്‍കുട്ടിയെ അയാള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നതും അടുത്ത് വന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നുതും ഞാന്‍ കണ്ടു. പരാതിക്കാരിയുടെ പെരുമാറ്റത്തില്‍നിന്ന് അവര്‍ക്ക് എന്തോ മോശമായി സംഭവിച്ചുവെന്ന് മനസിലായി’, ജഗ്ബിര്‍ സിങ്ങ് പറഞ്ഞു.

ഫോട്ടോ സെഷനിടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങലില്‍ സ്പര്‍ശിച്ചെന്നും എതിര്‍ത്തപ്പോള് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പോക്‌സോ കേസിനുപുറമേ ആറു വനിതാ താരങ്ങള്‍ നല്‍കിയ മറ്റൊരു പാരാതിയും ബ്രിജ് ഭൂഷണെതിരായുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week