ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ബ്രിജ് ഭൂഷണിന് പുറമേ കേസിലെ മറ്റൊരുപ്രതിയും മുന്‍ റെസ്സിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും റോസ് അവന്യു കോടതി ജാമ്യം നല്‍കി. നേരത്തെ ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തില്ല. ബ്രിജ് ഭൂഷണ്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഗുസ്തി താരങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരെയോ സാക്ഷികളേയോ സമീപിക്കരുതെന്ന് പ്രതിയോട് നിര്‍ദേശിക്കണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
നേരിട്ടോ അല്ലാതെയോ കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.
ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്. ഇവയില്‍ 354 ഡി ഒഴികേയുള്ള കുറ്റങ്ങളും പ്രേരണാക്കുറ്റവും (109) തോമറിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.