KeralaNews

നടൻ വിനായകന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം; ജനൽ ചില്ല് അടിച്ച് തകർത്തു

കൊച്ചി: നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.

അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്‌ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനലിന്റെ ചില്ല് തല്ലി തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വിമർശനങ്ങള്‍ക്കിടയാക്കുകയും ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ ഈ വീഡിയോ നടന്‍ ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിച്ചിരുന്നു. പിന്നാലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker