കോപ്പയിൽ ബ്രസീലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്‌; പാരഗ്വായെ തോല്‍പ്പിച്ചത് വമ്പന്‍ വ്യത്യാസത്തില്‍

ലാസ് വെഗാസ്:എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ കരുത്തുകാട്ടി ബ്രസീല്‍. കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. ഗ്രൂപ്പ് ഡിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. ഒരു ജയവും സമനിലയുമടക്കം നാല് പോയന്റാണ് ടീമിന്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാർട്ടർ ഉറപ്പിച്ചു.

പാരഗ്വായിക്കെതിരെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്രസീൽ തുടക്കം മുതൽ തന്നെ നിരവധി മുന്നേറ്റങ്ങൾ നടത്തി. 35- ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടുന്നത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് നടത്തിയ സുന്ദര നീക്കങ്ങൾക്കൊടുവിൽ വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടു. പിന്നാലെ 43- ആം മിനിറ്റിൽ സാവിന്യോയിലൂടെ രണ്ടാം ഗോളും. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് വീണ്ടും കാനറിപ്പട വല കുലുക്കി. ഇക്കുറിയും വിനീഷ്യസാണ് ഗോൾ നേടിയത്. അതോടെ ആദ്യ പകുതി മൂന്ന് ഗോളുകൾക്ക് ബ്രസീൽ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പാരഗ്വായ് തിരിച്ചടിച്ചു. 48 മിനിറ്റിൽ പ്രതിരോധതാരം അൽഡറേറ്റയാണ് ബോക്സിന് പുറത്തുനിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ വല കുലുക്കിയത്. 65 മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തിൽ കാനറി പടയുടെ നാലാം ഗോളും നേടി. പാരഗ്വായ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ആയില്ല. 81- ആം മിനിറ്റിൽ പാരഗ്വായ് താരം ആൻഡ്രെസ് കുബാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജയത്തോടെ ബ്രസീൽ ക്വാർട്ടറിന് അരികെയെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News