FootballNewsNewsSports

ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ

റിയോ ഡി ജനൈറോ: ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ. 49-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ബ്രസീലിനായി. സെമിയിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.

ലുകാസ് പക്വേറ്റയാണ് മത്സരത്തിൽ പിറന്ന ഏക ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാൽ ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ബ്രസീലിന് സാധിച്ചില്ല.22-ാം മിനിറ്റിൽ നെയ്മറുടെ ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള സുവർണാവസരം റോബർട്ടോ ഫിർമിനോ നഷ്ടപ്പെടുത്തി.

പിന്നാലെ 27-ാം മിനിറ്റിൽ ചിലിക്കും അവസരം ലഭിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എഡ്വാർഡോ വാർഗാസിന്റെ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൺ മോറെസ് രക്ഷപ്പെടുത്തി. 37-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യുസിന്റെ ക്രോസിൽ നിന്നുള്ള നെയ്മറുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു. 43-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ഷോട്ട് ചിലി ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ റോബർട്ടോ ഫിർമിനോയ്ക്ക് പകരം ലുകാസ് പക്വേറ്റയെ ഇറക്കിയ കോച്ച് ടിറ്റെയുടെ നീക്കം പെട്ടെന്നു തന്നെ ഫലം കണ്ടു. 47-ാം മിനിറ്റിൽ നെയ്മറുമൊന്നിച്ചുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ പക്വേറ്റ പന്ത് വലയിലെത്തിച്ചു.

പക്ഷേ ഗോളിന് തൊട്ടുപിന്നാലെ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തായത് ബ്രസീലിനെ പ്രതിരോധത്തിലാക്കി. യുജെനിയോ മെനയ്ക്ക് എതിരായ അപകടകരമായ ഫൗളിനെ തുടർന്നാണ് റഫറി ജെസ്യൂസിനെതിരേ നേരിട്ട് ചുവപ്പു കാർഡ് പുറത്തെടുത്തത്.

10 പേരായി ചുരുങ്ങിയ ബ്രസീൽ നിരയ്ക്കെതിരേ ചിലി പിന്നീട് ആക്രമണങ്ങൾ ശക്തമാക്കി. 69-ാം മിനിറ്റിൽ ബെൻ ബ്രെരട്ടന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിന് രക്ഷയായി. 78-ാം മിനിറ്റിൽ വാർഗാസിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ എഡേഴ്സൺ മോറെസും ടീമിനെ കാത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button