കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുനേരെ ബോംബ് ഭീഷണിയുമായി ഫോണ്‍ വിളി. വെള്ളിയാഴ്ച രാവിലെ ഏഴോടെ കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോണ്‍ വിളി എത്തിയത്. കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി.
ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
ആര്‍പിഎഫിന്റെയും പോലീസിന്റെയും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കു ശേഷം എക്‌സ് റേ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാരുടെ ലഗേജുകള്‍ കടത്തിവിടുന്നത്.