ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ബോംബ് പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വേണ്ട സുരക്ഷാ മുന്‍കരുതലുകളോട് കൂടി നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കി.
കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരില്‍ പൂക്കച്ചവടം നടക്കുന്ന പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് ബോംബ് പിടിച്ചെടുത്തത്. ഇതോടെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.
വിവരം അറിഞ്ഞ് ബോംബ് സ്‌ക്വാഡും എന്‍എസ്ജി കമാന്‍ഡോകളും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തുടര്‍ന്ന് നിയന്ത്രിത സ്ഫോടനം നടത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഇഡി ആണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.