തിരുവനന്തപുരം : ഇപ്പോള്‍ എതിരാളികളുടെ വായ അടപ്പിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തനിക്ക് നേരെ വന്ന ട്രോളുകളും പരിഹാസങ്ങളുമെല്ലാം നിമിഷ നേരം കൊണ്ട് അദ്ദേഹം തട്ടിത്തെറിപ്പിച്ചി. നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയുമായി ബന്ധപ്പെട്ട് മരണമടഞ്ഞ ദമ്പതികളുടെ മക്കള്‍ക്കായി പരാതിക്കാരിയായ വസന്തയില്‍ നിന്നും തര്‍ക്കഭൂമി വില നല്‍കി വാങ്ങിയതാണ് സോഷ്യല്‍ മീഡിയ ബോബിയെ പ്രശംസിക്കുന്നത്.
വില കൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാരാണ് ഭൂമി തങ്ങള്‍ക്ക് നല്‍കേണ്ടതെന്നും മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ നിലപാടെടുത്തുവെങ്കിലും ബോബിയുടെ ഈ നന്മനിറഞ്ഞ പ്രവൃത്തി ഏവരുടെയും മനം കവര്‍ന്നിരിക്കുക തന്നെയാണ്.
‘ബോബി സാര്‍ മാസ്സാണെ’ന്നും അദ്ദേഹം ‘യഥാര്‍ത്ഥ നന്മമരമാണെ’ന്നും മറ്റുമാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാര്‍ത്തകള്‍ക്ക് കീഴിലായി കമന്റിടുന്നത്. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിലും മറ്റുമായി ബോബിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് വരുന്നത്.
അതിനിടെ തര്‍ക്കഭൂമി വില്‍ക്കാന്‍ സാധിക്കുകയില്ലെന്നും വസന്തയുടെ കൈവശമിരിക്കുന്ന പട്ടയം വ്യാജമാണെന്ന ദമ്പതികളുടെ പരാതി കണക്കിലെടുക്കുമ്പോള്‍ അതെങ്ങനെയാണ് വാങ്ങാന്‍ സാധിക്കുകയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, കുട്ടികള്‍ക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് താന്‍ കൈവശം വയ്ക്കുമെന്നും അവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അത് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
താന്‍ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയില്‍ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയതെന്നും ബോബി പറഞ്ഞു.