ജമ്മു: ജമ്മു വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായും ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങി. അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ ഏതു ഭീകരസംഘടനയാണെന്ന് വ്യക്തമല്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രണ്ട് സ്ഫോടനങ്ങളുണ്ടായത്. നാഷണല്‍ ബോംബ് ഡാറ്റ സെന്ററില്‍നിന്നുള്ള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്.എസ്. അറോറയുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കാഷ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ശ്രീനഗറിലെയും പത്താന്‍കോട്ടിലെയും വ്യോമതാവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.