വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്; ആനി ശിവയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍
കൊച്ചി: പോലീസ് ഓഫീസര്‍ ആനി ശിവയുടെ ജീവിത വിജയ കഥയാണ് ഇന്ന് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ദുരിത ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തലുകളില്‍ നിന്നും തന്റെ മകനെയും ചേര്‍ത്തുപിടിച്ച് ആനി ശിവ പടപൊരുതി പോലീസുദ്യോഗസ്ഥയായി മാറിയ കഥ ചെറിയ പരാജയങ്ങളില്‍ തളര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാണ്.
ആനി ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഉണ്ണിമുകുന്ദന്‍ ആനി ശിവയെ അഭിനന്ദിച്ചത്.
‘പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക’, ഈ വാക്കുകളാണ് ആനി ശിവ എന്ന പൊലീസ് ഓഫീസറെ ഹീറോയാക്കി മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ആനി ശിവ തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആനി ശിവ എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.