ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനം വിഡിയോ വഴി പുറത്തറിയിച്ച ശേഷം യുവതി തൂങ്ങിമരിച്ചു

നാഗര്‍കോവില്‍: സ്ത്രീധന പീഡനം സഹിക്കാനാകാതെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ് താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്.

സ്ത്രീധന പീഡനം സഹിക്കാനാകാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും. ഭര്‍ത്താവും ഭര്‍തൃമാതാവുമാണ് മരണത്തിനുത്തരവാദിയെന്നും, ഇരുവരെയും വെറുതെ വിടരുതെന്നുമാണ് ബന്ധുവിന് അയച്ച വിഡിയോ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലുമുള്ളത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതിയുടെയും ബാലമുരുകന്റെയും വിവാഹം. അറുപത് പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയത്. സ്വര്‍ണം കൈമാറിയെങ്കിലും 25 ലക്ഷം രൂപ കൈമാറാന്‍ വൈകി. ഇതിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതല്‍ പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ പീഡനത്തിനിരയായതായി ബന്ധുക്കള്‍ പറയുന്നു.

വിഡിയോ സന്ദേശവും ആത്മഹത്യകുറിപ്പും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ബന്ധുവിന് അയച്ച് നല്‍കിയിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News