തിരൂര്‍: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെ കൊവിഡ് ഭേദമായ രോഗിയിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ ആദ്യത്തെ കേസാണിത്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
ഇദ്ദേഹം കൊവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെടുകയും തുടര്‍ന്ന് വീട്ടിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് മുക്തമായെങ്കിലും വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു രോഗി. ഇതിനിടെയാണ് ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടത്. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു.
നിലവഷളായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു.
കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്ത് നേരത്തെ ഏഴ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.