EntertainmentNews

തലമുറമാറ്റംപാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനം; രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണയുമായി ആഷിക്ക് അബു

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ക്ക് ആശംസകളും പിന്തുണയുമായി സംവിധായകന്‍ ആഷിക്ക് അബു. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം ധീരമാണെന്നും ആഷിക്ക് പ്രതികരിച്ചു. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്നും ആഷിക്ക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

നേരത്തെ, പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജ ടീച്ചറെ ഉള്‍പ്പെടുത്താതിനെതിരെ നടി റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും അടക്കമുള്ളവര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ആഷിക്ക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍.

തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.”നവകേരളം” എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍. ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.

പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും, വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍, അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ.
ലാല്‍സലാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker