കോഴിക്കോട് : സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങുന്നു. മുതിർന്ന നേതാക്കളെ അണിനിരത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇതിനായി സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് ശോഭ സുരേന്ദ്രനുമായി നേരിട്ടു ചർച്ച നടത്തും.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ജനകീയ നേതാവായ ശോഭ സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നത് പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. പരസ്യപ്രതികരണം പാർട്ടിക്കകത്തെ വിഭാഗീയത കൂടാൻ കാരണമാകുമെന്നും കണക്കുകൂട്ടുന്നു. ഇതിനൊപ്പം ഇടഞ്ഞുനിൽക്കുന്ന മറ്റു മുതിർന്ന നേതാക്കളെയും അനുനയിപ്പിക്കാൻ ശ്രമിക്കും.
ഏതാനും നാളുകളായി സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ സുരേന്ദ്രൻ. ഇതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനറൽ സെക്രട്ടറി കെ.സുഭാഷ് ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് അടുത്ത ദിവസം ചർച്ച നടത്തുന്നത്.
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നൽകണമെന്നുമാണ് ശോഭ സുരേന്ദ്രൻ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന.
ശോഭയുടെ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് അടുത്തതോടെ കരുതലോടെ നീങ്ങി പരമാവധി നേട്ടം കൊയ്യാൻ ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര മഞ്ഞുരുക്കൽ ശ്രമങ്ങൾ. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.