24.9 C
Kottayam
Wednesday, May 15, 2024

പുലർച്ചെ കൊലപാതകം; രാത്രിയിൽ‌ പ്രതി പിടിയിൽ; ആത്മഹത്യ ചെയ്തെന്ന് നേരത്തേ അഭ്യൂഹം,കോടതി വധശിക്ഷ വിധിച്ച കേസില്‍ നടന്നതിങ്ങനെ

Must read

ഇടുക്കി:ആനച്ചാൽ ആമക്കണ്ടത്തെ അതിക്രൂരമായ കൊലപാതക, പീഡനക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോൾ വെള്ളത്തൂവൽ പൊലീസിന് അഭിമാന നിമിഷം. 2021 ഒക്ടോബർ മൂന്നിനു പുലർച്ചെ നടന്ന അരുംകൊലയിൽ പ്രതിയെ അന്ന് രാത്രി ഏഴുമണിയോടെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിഞ്ഞു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന കറുപ്പ സാമിയുടെയും ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെയും മേൽനോട്ടത്തിൽ വെള്ളത്തൂവൽ പൊലീസ് ഇൻസ്പെക്ടർ ആർ.കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജി എൻ പോൾ, സന്തോഷ്, എഎസ്ഐമാരായ സിബി,ജോളി എന്നിവർ ചേർന്നായിരുന്നു കേസ് അന്വേഷണം.

കോടതിയിൽ 73 സാക്ഷികളെ വിസ്തരിച്ചു. 93 രേഖകളും 59 തൊണ്ടിസാധനങ്ങളും ഹാജരാക്കി. വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.

വണ്ടിപ്പെരിയാർ മ്ലാമലയിൽ ഭാര്യയും മക്കളും ഉണ്ടായിരുന്ന പ്രതി 4 വർഷം മുൻപാണ് ഇവരെ ഉപേക്ഷിച്ച് മേസ്തിരിപ്പണിക്കായി ആമക്കണ്ടത്ത് എത്തിയത്. തുടർന്നാണ് ആമക്കണ്ടത്തെ യുവതിയെ ഭാര്യയാക്കിയത്. ഈ യുവതിയുടെ സഹോദരിയെ ആക്രമിക്കുകയും മകനെ കൊലപ്പെടുത്തുകയും മകളെ പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.

കൊലപാതകത്തിന് ഒരു മാസം മുൻപ് പ്രതിയും ഭാര്യയുമായി വഴക്കുണ്ടായി. തുടർന്ന് ഇയാൾ അമ്പഴച്ചാലിൽ വാടകവീട്ടിലേക്കു താമസം മാറി. ഈ വാടകവീട്ടിൽ നിന്ന് 2021 ഒക്ടോബർ രണ്ടിന് സന്ധ്യയ്ക്ക് ഓട്ടോറിക്ഷ വിളിച്ചാണ് ഇയാൾ ആനച്ചാലിൽ എത്തിയത്. മഴയുള്ളതിനാൽ കടയിൽനിന്നു കുട വാങ്ങി.

രാത്രിയോടെ നടന്ന് ആമക്കണ്ടത്ത് മുൻപ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന വീട്ടിലെത്തി. അവിടെ ആരും താമസമുണ്ടായിരുന്നില്ല. തുടർന്നു പുലർച്ചെ, ഭാര്യയുടെ സഹോദരിയും മക്കളും താമസിക്കുന്ന വീട്ടിലെത്തി കൊലപാതകം നടത്തിയെന്നാണ് കേസ്. മേസ്തിരിപ്പണിക്ക് ഉപയോഗിക്കുന്ന ചുറ്റികയും കയ്യിൽ കരുതിയിരുന്നു. പ്രതി ഓട്ടോ വിളിച്ചതും കുട വാങ്ങിയതും അറിഞ്ഞതോടെ പൊലീസ് പ്രതിയിലേക്കെത്തി.

ക്രൂരക‍ൃത്യം പുറത്തു പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് പ്രതി, അതിജീവിതയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനായി കയ്യിൽ വിഷക്കുപ്പിയും കരുതിയിരുന്നു. ഇതോടെ പ്രതി ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു. രക്ഷപ്പെടുന്നതിനുള്ള പ്രതിയുടെ അടവായിരുന്നുവെന്നു പിന്നീട് ബോധ്യപ്പെട്ടു.

കൊലപാതകത്തിനും ആക്രമണത്തിനും ശേഷം യൂക്കാലി പ്ലാന്റേഷനിലൂടെ നടന്ന്, ധരിച്ചിരുന്ന വസ്ത്രം ചെങ്കുളം അണക്കെട്ടിൽക്കളഞ്ഞു. തുടർന്ന് കുളിച്ച് കയ്യിൽ കരുതിയിരുന്ന വസ്ത്രം ധരിച്ച് ആമക്കണ്ടത്ത് നിർമാണം നടന്നുവരുന്ന ബഹുനില കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. ഇവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതിജീവിതയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. അയൽവാസികൾ നൽകിയ മാനസിക പിന്തുണ പെൺകുട്ടിയെ മൊഴി നൽകാൻ പ്രാപ്തയാക്കി

സജി എൻ. പോൾ, എസ്ഐ

അതിജീവിതയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ കുരുക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ സജി എൻ.പോൾ പറയുന്നു അയൽവാസികൾ പെൺകുട്ടിയെ മാനസിക പിന്തുണ നൽകിയാണ് മൊഴി നൽകാൻ പ്രാപ്തയാക്കിയതെന്നും എസ്ഐ പറഞ്ഞു.

ചെങ്കുളം ഡാമിൽക്കളഞ്ഞ മുണ്ടും ഷർട്ടും സ്കൂബ ടീം മുങ്ങിയെടുത്തു. ഈ വസ്ത്രത്തിലെ ചോരക്കറ കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി. നാലു പേരെ കൊല്ലുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. ശബ്ദമുണ്ടാക്കാതിരിക്കാനാണ് കീഴ്ത്താടിക്കു താഴെ ആക്രമിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week