ന്യൂഡല്‍ഹി: രാഹുലിന്റെ ഓഹരി കുംഭകോണ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് ഇനിയും പുറത്തുവരാന്‍ കഴിയാത്ത രാഹുല്‍, വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി. വക്താവ് പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ആദ്യമായി വിപണി മൂല്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയുടെ ഇക്വിറ്റി മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാലുമടങ്ങ് വര്‍ധിച്ചെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് മോദിയും അമിത് ഷായും നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.
ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് ഓഹരി വിപണി കുതിച്ചുയരുമെന്ന് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്രമോദിയും അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.