ബംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചെന്നു കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സിടി രവി പറഞ്ഞു. സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചു. നിവേദനം സര്‍ക്കാര്‍ പരിഗണിച്ച് നിയമസഭയില്‍ അവതരിപ്പക്കണമെന്നാണ് ഇവരുടെ ആവശ്യം.
കന്നുകാലി കശാപ്പ് നിരോധനം, കന്നുകാലി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച ബില്‍ 2010ല്‍ നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തു. ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു.