ബ്രിഗേഡിയർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി കേണലിന്റെ ഭാര്യ, കേസെടുത്ത് പോലീസ്

ഗുവാഹത്തി: ഷില്ലോങില്‍ ആര്‍മി ബ്രിഗേഡിയറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി ജൂനിയര്‍ ഓഫീസറുടെ ഭാര്യ. പരാതിയില്‍ മേഘാലയ പോലീസ് കേസ് എടുത്തു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഷില്ലോങില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിഗേഡിയറില്‍നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അനുചിതമായ പരാമര്‍ശങ്ങങ്ങള്‍ നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

മാര്‍ച്ച് എട്ടിന് ഓഫീസേഴ്‌സ് മെസ്സില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. ബ്രിഗേഡിയര്‍ തന്നെ കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുകയും താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഇത്തരം പരാമര്‍ശങ്ങള്‍ തുടര്‍ന്നുവെന്നും പരാതിയിലുണ്ട്. തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. ഭര്‍ത്താവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ ബ്രിഗേഡിയര്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. പ്രതി തന്റെ അയല്‍ക്കാരനാണെന്നും അത് തന്റെ ജീവന് ഭീഷണിയാണെന്നും യുവതി പറയുന്നു.

2024 ഏപ്രില്‍ 13-ന് നടന്ന മറ്റൊരു സംഭവത്തെ കുറിച്ചും യുവതി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്ന് ഒരു സഹപ്രവര്‍ത്തകന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നുവെന്നും അന്ന് ബ്രിഗേഡിയര്‍ താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു. രണ്ട് മാസങ്ങള്‍ക്കുശേഷം വീട്ടില്‍ അത്താഴം കഴിക്കുന്നതിനിടെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് തന്റെ കൈയില്‍ ബലമായി പിടിച്ചു.

ഈ സംഭവങ്ങള്‍ തന്നില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നും അതിനാല്‍ നേരത്തെതന്നെ പോലീസില്‍ പരാതിപ്പെടാന്‍ കഴിഞ്ഞില്ലെന്നും യുവതി വ്യക്തമാക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News