ജയ്പൂർ∙ പശുക്കളെ ഇറച്ചിക്കായി വെട്ടുന്നവരെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന രാജസ്ഥാനിലെ ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗോവധം ആരു ചെയ്തായും അവരെ കൊല്ലണമെന്ന് ബിജെപി നേതാവ് ഗ്യാൻ ദേവ് അഹുജ വിഡിയോയിൽ പറയുന്നു. ‘നമ്മൾ ഇതിനകം അഞ്ചു പേരെ കൊലപ്പെടുത്തി, ലാലവണ്ടിയിലും ബെഹ്‌റോറിലുമാണിത്’– ഗ്യാൻ ദേവ് അവകാശപ്പെട്ടു. റക്ബർ ഖാന്റെയും പെഹ്‍ലു ഖാന്റെയും കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം.
2017, 2018 വർഷങ്ങളിൽ ഈ കൊലപാതകങ്ങൾ നടക്കുമ്പോൾ പ്രദേശങ്ങൾ ഉൾപ്പെടുന്ന രാംഘഡിലെ എംഎൽഎയായിരുന്നു ഗ്യാൻ ദേവ് അഹുജ. മുൻ എംഎൽഎ പരാമർശിച്ച മറ്റു മൂന്നു കൊലകൾ ഏതെന്നു വ്യക്തമായിട്ടില്ല. ‘‘കൊലപാതകങ്ങൾ നടത്തുന്നതിന് ആളുകള്‍ക്ക് അനുമതി നൽകിയിട്ടുണ്ട്. അവരെ ഞങ്ങൾ ജയിലിൽനിന്നു പുറത്തെത്തിക്കാം.’’– ഒരാഴ്ച മുൻപു പകർത്തിയതെന്നു കരുതുന്ന വിഡിയോയിൽ ബിജെപി നേതാവ് പറഞ്ഞു.
ഗ്യാൻ ദേവ് അഹുജ സ്വന്തം അഭിപ്രായം പറഞ്ഞതായിരിക്കുമെന്ന് ബിജെപിയുടെ പ്രാദേശിക നേതാവ് പ്രതികരിച്ചു. ബിജെപിക്ക് ഇത്തരത്തിലൊരു ചിന്തയില്ലെന്ന് ബിജെപി നേതാവ് സഞ്ജയ് സിങ് നരൂക പ്രതികരിച്ചു. എന്നാൽ പശുക്കടത്തും ഗോവധവും നടത്തുന്നവരെ വെറുതെ വിടില്ലെന്ന് അഹുജ ആവർത്തിച്ചു. വിഡിയോ പുറത്തുവന്നതോടെ ബിജെപി നേതാവിനെതിരെ കേസെടുത്തു. നേരത്തേയും വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ ആളാണ് ഗ്യാൻ ദേവ് അഹുജ.
ഗോവിന്ദ്ഘട്ടിൽ ട്രാക്ടർ മോഷണം ആരോപിച്ച് ഒരാളെ ആൾകൂട്ടം തല്ലിക്കൊന്നതു മതം നോക്കിയാണെന്ന് ഗ്യാൻ ദേവ് അഹുജയുടെ കൂടെ വിഡിയോയിലുള്ള മറ്റൊരു നേതാവ് ആരോപിക്കുന്നുണ്ട്. ബിജെപിയുടെ യഥാർഥ മുഖം പുറത്തുവന്നെന്ന് രാജസ്ഥാൻ കോൺഗ്രസ് മേധാവി ഗോവിന്ദ് സിങ് ദൊട്ടാസര പ്രതികരിച്ചു. പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് പെഹ്‍ലു ഖാനെയും റക്ബർ ഖാനെയും തല്ലിക്കൊന്നത്. പെഹ്‍ലു ഖാന്‍ കൊലക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ രാജസ്ഥാൻ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.