NationalNews

‘സിസോദിയ രാജ്യം വിടരുത്’; മദ്യനയ കേസില്‍ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി സിബിഐ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 12 പേരെ രാജ്യം വിടുന്നത് തടഞ്ഞ് സിബിഐ. മനീഷ് സിസോദിയ അടക്കമുള്ള പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ് സിബിഐ. എന്നാല്‍, സിബിഐ നടപടിയെ മനീഷ് സിസോദിയ പരിഹസിച്ചു. റെയ്ഡിൽ ഒരു രൂപ പോലും കണ്ടെത്തിയില്ല. പിന്നാലെ തന്നെ കാണാനില്ലെന്ന് ലുക് ഔട്ട് നോട്ടീസും ഇറക്കുന്നു. ഇതെന്ത് ഗിമ്മിക്ക് ആണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഞാൻ ഡല്‍ഹിയിൽ ഉണ്ടെന്നും എവിടെയാണ് വരേണ്ടതെന്ന് മനീഷ് സിസോദിയ പറയുന്നു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ഔട്ട് ലറ്റുകൾ  സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിൽ അഴിമതി നടന്നു, ലെഫ്റ്റനന്‍റെ ഗവർണ്ണറുടെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്തിയത് സർക്കാരിന് നഷ്ടമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെ സിബിഐ കേസെടുത്തത്.

ഡല്‍ഹി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. അതേസമയം, മനീഷ് സിസോദിയക്കേതിരെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button