NationalNews

ബിഹാറിൽ നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു

പട്ന : ബിഹാറിൽ ബിജെപി നിയമസഭാ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിചാർജിൽ പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണു മരിച്ചത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തിചാർജുണ്ടായത്.

പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ബിജെപി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷമാണു പൊലീസ് ലാത്തി ചാർജ് നടത്തിയത്. 

ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണു ബിജെപി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. 

അതേസമയം, വിജയ് കുമാർ സിങിന്റെ മരണകാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഡാക്ബംഗ്ലാ ചൗരാഹയിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button