പിൻ ഇളക്കിയാൽ സാരി താഴെപ്പോകും എന്ന് ഞാൻ പറഞ്ഞു,അതാണ് ഞങ്ങൾക്കാവശ്യം എന്നായിരുന്നു സംവിധായകന്റെ ഉത്തരം,മോശം പെരുമാറ്റത്തേക്കുറിച്ച് തുറന്ന്പറഞ്ഞ് ഹേമമാലിനി
അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും രാജ്യം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് ഹേമ മാലിനി. തന്റെ യൗവ്വനകാലത്തെ സിനിമാജീവിതം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെന്നും സ്വന്തം തീരുമാനങ്ങളിൽനിന്നും വ്യതിചലിക്കാത്തത് പലപ്പോഴും സഹായമായിട്ടുണ്ടെന്നും ഹേമ മാലിനി പറയുന്നു.
”ഒരിക്കൽ സിനിമയിൽ അഭിനയിക്കവേ സാരിയുടെ പിൻ മാറ്റാൻ സംവിധായകൻ ആവശ്യപ്പെട്ടു. സാധാരണ എപ്പോഴും സാരി പിൻ ചെയ്തു വയ്ക്കുന്ന ഞാൻ അതെന്തിനെന്ന് ചോദിച്ചു. പിൻ ഇളക്കിയാൽ സാരി താഴെപ്പോകും എന്ന് ഞാൻ പറയുകയും ചെയ്തു. അതെ, അതാണ് ഞങ്ങൾക്കാവശ്യം എന്നായിരുന്നു സംവിധായകന്റെ ഉത്തരം.” ഇത് തന്നെ ചൊടിപ്പിച്ചെന്നും, അതിനു താൻ തയാറായില്ലെന്നും ഹേമ മാലിനി പറഞ്ഞു.
സിനിമാ ലോകത്തും പുറത്തും തന്നെ ബഹുമാനിക്കുന്നവരാണ് കൂടുതലും. പലർക്കും തന്നെ പേടിയാണെന്നും, അത് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടന്നും ഹേമ പറയുന്നു.
”ആദ്യത്തെ സിനിമയിൽ നാല് ദിവസത്തോളമാണ് അഭിനയിച്ചത്. അന്ന് ഡയറക്ടറുടെ നിർബന്ധപ്രകാരമാണ് അഭിനയിക്കാമെന്ന് ആലോചിക്കുന്നത് പോലും. പക്ഷേ നാല് ദിവസം അഭിനയിച്ചപ്പോഴേക്കും ഡയറക്ടർ എന്നെ റിജക്ട് ചെയ്തു. അദ്ദേഹം വിചാരിച്ചതുപോലെ എനിക്ക് അഭിനയം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
പിന്നെ അയാളെ കാണിക്കാനെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് വാശി തോന്നി. പക്ഷേ അന്ന് അങ്ങനെയൊരു ‘നോ’ കിട്ടിയത് എനിക്ക് ഉപയോഗമായി. ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഹിന്ദി സിനിമയിലേക്ക് വരില്ലായിരുന്നു.” ഹേമ മാലിനി പറയുന്നു.
അതേ സമയം പലരുമായും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരോടും ശത്രുതയില്ലെന്നും ഹേമ മാലിനി പറഞ്ഞു. ”ഞാൻ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുന്ന വ്യക്തിയാണ്.”. ലഹ്‌രേം റിട്രോ എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹേമ മാലിനി തന്റെ കരിയറിലെ അനുഭവങ്ങളെപ്പറ്റി സംസാരിച്ചത്.