ബിജ്നോര്‍:അമ്രോഹ ജില്ലയില്‍ അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന്റെയും നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിന്റെയും (എന്‍ആര്‍സി) നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാവിന് മര്‍ദ്ദനം. പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍തജ ആഗ ഖാസ്മിയ്ക്ക് നേരെയാണ് വെള്ളിയാഴ്ച അമ്രോഹയിലെ ലകാഡ മൊഹല്ലയില്‍ വച്ച് ആക്രമണമുണ്ടായത്.
പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയേയും കുറിച്ച് ജനങ്ങളില്‍, പ്രത്യേകിച്ച് മുസ്ലിംകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായാണ് ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം പ്രാദേശികമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത്. സിഎഎയും എന്‍ആര്‍സിയും ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിംകളുടെ അവകാശങ്ങളും പൗരത്വവും കവര്‍ന്നെടുക്കില്ല, അവര്‍ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ഒഴിവാക്കണമെന്നും ന്യൂനപക്ഷ മോര്‍ച്ച ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച അമ്രോഹയിലെ ലകാഡ മൊഹല്ലയിലെ ഒരു കടയില്‍ പോയി, സിഎഎയെക്കുറിച്ചും എന്‍ആര്‍സിയെക്കുറിച്ചും മുസ്ലിംകളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അപ്പോള്‍ റാസ അലി എന്നൊരാള്‍ തന്നെ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഖസ്മി പറഞ്ഞു.
അയാള്‍ എന്നെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു, എങ്ങനെയെങ്കിലും ഞാന്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റിലായ പ്രതിക്കെതിരെ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്., ‘ – ഖസ്മി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച അമ്രോഹയില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് ശേഷം പോലീസ് ജാഗ്രതയിലാണ്. എന്നാല്‍, ഈ വെള്ളിയാഴ്ച ജില്ലയില്‍ നിന്ന് അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.