KeralaNews

രണ്ട് കേന്ദ്രമന്ത്രിമാര്‍,മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍,മൂന്നു സ്ത്രീകള്‍,പാര്‍ട്ടി വിട്ടുവന്നവര്‍;അക്കൗണ്ട് തുറക്കാന്‍ രണ്ടും കല്‍പ്പിച്ച് ബി.ജെ.പി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ അധികം സീറ്റുകള്‍ നേടുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുനീങ്ങുന്ന ബി.ജെ.പി. സംസ്ഥാനത്ത് കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്. പരിചയസമ്പന്നരും പുതുമുഖങ്ങളും സ്ത്രീകളും ന്യൂനപക്ഷങ്ങളുമടങ്ങുന്ന സന്തുലിതമായ സ്ഥാനാര്‍ഥി പട്ടികയാണ് ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വം പുറത്തിറക്കിയത്. 12 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതീക്ഷിച്ച പേരുകള്‍ക്കൊപ്പം അപ്രതീക്ഷിത സ്ഥാനാര്‍ഥികളും ഇടംപിടിച്ചു.

സ്ഥാനാര്‍ഥികള്‍

രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം)– കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രഥമ പരിഗണന നല്‍കിയ സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനോട് ഏറ്റുമുട്ടിയ കുമ്മനം രാജശേഖരന്‍ ഇവിടെ രണ്ടാമതെത്തിയിരുന്നു. ഇവിടെയാണ് ഇത്തവണ നിലവിലെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ പോരിനിറക്കുന്നത്. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. എന്നാല്‍, കാലാവധി അവസാനിച്ചെങ്കിലും രാജ്യസഭയിലേക്ക് അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശശി തരൂര്‍ തന്നെയെത്തുമെന്ന് ഏതാണ്ട് ഉറപ്പായ മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍ സി.പി.ഐയുടെ ജനകീയ മുഖം, പന്ന്യന്‍ രവീന്ദ്രനാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇരുവരോടും മികച്ച പോരാട്ടം കാഴ്ചവെക്കുന്നതിനപ്പുറം വിജയംതന്നെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. വിജയിച്ചുകഴിഞ്ഞാല്‍ തിഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിസ്ഥാനവും നല്‍കുമെന്ന പ്രചാരണവും ബി.ജെ.പി. നടത്തിയേക്കും. നിലവില്‍ എന്‍.ഡി.എയുടെ സംസ്ഥാന വൈസ് ചെയര്‍മാനാണ് രാജീവ് ചന്ദ്രശേഖരന്‍.

വി. മുരളീധരന്‍ (ആറ്റിങ്ങല്‍)- ആറ്റിങ്ങലില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ എത്തുമെന്ന് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭ വഴിയാണ് മുരളീധരന്‍ കേന്ദ്രമന്ത്രിയായത്. ആറുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് വീണ്ടും രാജ്യസഭാംഗത്വം നല്‍കിയിരുന്നില്ല. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തെ തന്നെ കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ചെറുതും വലുതുമായ എല്ലാപരിപാടികളിലും പങ്കെടുത്തു വരികയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിലെത്തുമ്പോള്‍ മണ്ഡലത്തിലെ പരിപാടികളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍ രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.

അനില്‍ ആന്റണി (പത്തനംതിട്ട)– കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍. നിലവില്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി. എ.ഐ.സി.സിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരിക്കെയാണ് കോണ്‍ഗ്രസ് വിട്ട് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു. വിവാദ ബി.ബി.സി. ഡോക്യുമെന്ററി ‘ ഇന്ത്യ- ദ മോദി ക്വസ്റ്റിയന്‍’ പ്രദര്‍ശനവിവാദവുമായി ബന്ധപ്പെട്ട് നടത്തിയ മോദി അനുകൂല പ്രസ്താവനകളുടെ പിന്നാലെ പാര്‍ട്ടി വിടുകയായിരുന്നു.

ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ)– കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ വലിയ മുന്നേറ്റം നടത്തിയ ശോഭാ സുരേന്ദ്രന്റെ പേര് ഇത്തവണ കോഴിക്കോട് അടക്കം പലയിടത്ത് ഉയര്‍ന്നുകേട്ടതാണ്. നിലവില്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്. 2016-ല്‍ നിയമസഭയിലേക്ക് മത്സരിച്ച് പാലക്കാട് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും മത്സരിച്ചിരുന്നു.

സുരേഷ് ഗോപി (തൃശ്ശൂര്‍)– ബി.ജെ.പി. അനൗദ്യോഗികമായി ആദ്യമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണ ബി.ജെ.പി. ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം. 2019-ല്‍ സുരേഷ്ഗോപി മത്സരിച്ചപ്പോള്‍ തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 1,91,141 വോട്ടുകളാണ് അധികം നേടിയത്. അങ്ങനെയെങ്കില്‍ മണ്ഡലം കേന്ദ്രീകരിച്ച് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുരേഷ്ഗോപിക്ക് ഇത്തവണ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നത്. തിരഞ്ഞെടുപ്പിനും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും വളരേ മുമ്പേ തന്നെ പ്രധാനമന്ത്രി രണ്ടുവട്ടം മണ്ഡലത്തില്‍ വന്നുപോയി. ഇതിലൊന്ന് സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിലായിരുന്നതെന്നും ശ്രദ്ധേയം. മോദിയുടെ സന്ദര്‍ശനവും ഗ്യാരന്റി പ്രഖ്യാപനവും സുരേഷ്ഗോപിയുടെ സ്ഥാനാര്‍ഥിത്വവും ചേര്‍ന്ന് മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

സി. കൃഷ്ണകുമാര്‍ (പാലക്കാട്)– ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നിലവില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കൃഷ്ണകുമാര്‍. പാലക്കാട് മുന്‍ മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍. മണ്ഡലത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട ഏക പേര്. 2016-ലും 2021-ലും മലമ്പുഴയില്‍നിന്ന് നിയമസഭയിലേക്ക് മത്സിച്ചിരുന്നു. 2019-ലും പാലക്കാട്ടെ ലോക്സഭാ സ്ഥാനാര്‍ഥി.

നിവേദിത സുബ്രഹ്‌മണ്യം (പൊന്നാനി)- നിലവില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. അഭിഭാഷക. 2016-ല്‍ ഗുരുവായൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.

ഡോ.എം. അബ്ദുള്‍ സലാം (മലപ്പുറം)– കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍. 2011-15 കാലത്ത് യു.ഡി.എഫ്. നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സലറാവുന്നത്. 2019-ല്‍ ബി.ജെ.പിയില്‍. 2021-ല്‍ തിരൂരില്‍ നിയമസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു.

എം.ടി. രമേശ് (കോഴിക്കോട്)– നിലവില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. 2004-ല്‍ കോഴിക്കോടുനിന്ന് ലോക്സഭയിലേക്ക് ജനവിധി തേടി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ജനവിധി തേടി. ബി.ജെ.പിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മുഖം. കേന്ദ്രനേതൃത്വം വിളിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ കേരള പദയാത്ര നയിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശ് ആയിരുന്നു.

പ്രഫുല്‍ കൃഷ്ണ (വടകര)– യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. ചാനല്‍ ചര്‍ച്ചകളിലൂടെയും യുവജനപ്രതിഷേധങ്ങളിലൂടെയും ശ്രദ്ധേയന്‍.

സി. രഘുനാഥ് (കണ്ണൂര്‍)- കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സി. രഘുനാഥ് നിലവില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കോണ്‍ഗ്രസ് വിട്ടത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. കെ.പി.സി.സി. പ്രസിഡന്‍് കെ. സുധാകന്‍െ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്. കോണ്‍ഗ്രസില്‍ ഏറെക്കാലമായി തുടരുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.

എം.എല്‍. അശ്വിനി (കാസര്‍കോട്)– കാസര്‍കോട്ടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം. മഹിളാ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button