കൊച്ചി: തൃശ്ശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശ്ശൂർ ദൗത്യം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മുരളീ മന്ദിരത്തിൽ നിന്നു തന്നെയായിരിക്കും പ്രചാരണം തുടങ്ങുകയെന്നും മുരളീധരൻ പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് തൃശ്ശൂരിലേക്ക് മാറണമെന്ന ആവശ്യം പാർട്ടി ഉന്നയിച്ചതെന്നും താനത് ഏറ്റെടുത്തുവെന്നും മുരളീധരൻ വ്യക്തമാക്കി.
ബിജെപിയെ എല്ലായിടത്തും മൂന്നാംസ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ നയം. ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളിലെല്ലാം ശക്തമായ മത്സരം കാഴ്ച വെക്കും.ഷാഫി പറമ്പിൽ മിടുക്കനായ ചെറുപ്പക്കാരനാണെന്ന് മുരളീധരൻ പറഞ്ഞു. ഷാഫി വടകരയിൽ ജയിക്കും. കെകെ ശൈലജ ടീച്ചർക്ക് വിമാന ടിക്കറ്റ് എടുക്കേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജയെ മുന്നിൽ നിർത്തിയാൽ ബിജെപിക്ക് സുഖമായി മൂന്നാം സ്ഥാനത്തേക്ക് പോകാമെന്നും തന്റെ ജോലിഭാരം കുറയുമെന്നും മുരളീധരൻ വ്യക്തമാക്കി. പത്മജ പോയതു കൊണ്ട് കോൺഗ്രസ്സിന് നഷ്ടമൊന്നുമില്ല. കെ കരുണാകരനെ വെച്ച് കളിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. പക്ഷെ അത് അനുവദിക്കില്ല.
കെ കരുണാകരനെ സംഘികൾക്ക് വിട്ടു കൊടുക്കില്ല. കെ കരുണാകരന്റെ ആത്മാവിനു മുകളിൽ പോലും സംഘി പതാക പുതപ്പിക്കാൻ സമ്മതിക്കില്ല. വർഗ്ഗീയതയ്ക്കെതിരായ ഗാരണ്ടിയാണ് തന്റെ ഗാരണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതാപൻ തന്നോട് മൂന്നു മാസം മുമ്പു തന്നെ ആവശ്യപ്പെട്ട കാര്യമാണ് തൃശ്ശൂരിലേക്ക് മാറുന്നതെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയെ എതിര്‍ക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നും മുരളീധരൻ പറഞ്ഞു.